Sunday, August 7, 2022

കേശവദേവ്


    മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റും നാടകകൃത്തും ചെറുകഥാകൃത്തും രാഷ്ട്രീയ പ്രവർത്തകനുമാണ് കേശവദേവ്. കേരളത്തിൽ സാമൂഹ്യമാറ്റത്തിനു വേണ്ടി നിരന്തരം എഴുതുകയും പ്രവർത്തിക്കുകയും ചെയ്ത ധീര വ്യക്തിത്വമായിരുന്നു അദ്ദേഹം.

    1904-ൽ എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലാണ് കേശവദേവ് ജനിച്ചത്. ആര്യ സമാജത്തിലൂടെയാണ് അദ്ദേഹം സാമൂഹ്യ പ്രവർത്തനരംഗത്തെത്തിയത്. പിന്നീട് യുക്തിവാദി പ്രസ്ഥാനത്തിൽ ചേർന്നു. കേരളത്തിൽ ആദ്യകാലത്ത്, തൊഴിലാളികളെ സംഘടിപ്പിക്കുകയും ചൂഷണങ്ങൾക്കും അനീതി കൾക്കുമെതിരെ ശക്തമായി പ്രവർത്തിക്കുകയും ചെയ്ത നേതാക്കളിൽ പ്രമുഖനാണ് ദേവ്.

    സമൂഹത്തിന്റെ താഴെത്തട്ടിലുള്ള മനുഷ്യരുടെ ജീവിതമാണ് കേശവദേവ് തന്റെ കഥകളിലും നോവലുകളിലും അവതരിപ്പിച്ചത്. ആ കൃതികളിലൂടെ അധികാരികളുടെ അനീതികളെ എതിർക്കുവാനും പുതിയ ഒരു സാമൂഹി കാവസ്ഥ രൂപപ്പെടുത്തുന്നതിനുള്ള ആശയങ്ങൾ പ്രചരിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു. ഇരുപത് നോവലുകളും നിരവധി ചെറുകഥകളും പത്തിലേറെ നാടകങ്ങളും നിരൂപണങ്ങളും അദ്ദേഹമെഴുതി. ആത്മകഥാപരമായ രണ്ട് കൃതികളും രചിച്ചിട്ടുണ്ട്. 'എതിർപ്പ്' എന്ന കൃതി അദ്ദേഹത്തിന്റെ ആത്മകഥ എന്ന നിലയിൽ പ്രസിദ്ധമാണ്.

    'അയൽക്കാർ' എന്ന നോവലിന് 1964 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും 1970ൽ സോവിയറ്റ് ലാൻഡ് നെഹ്റു അവാർഡും ലഭിച്ചു. ചില ആനുകാലികങ്ങളുടെയും പത്രങ്ങളുടെയും പത്രാധിപരായിരുന്നു.

1983 ജൂലൈ ഒന്നിന് കേശവദേവ് അന്തരിച്ചു.


പ്രധാന കൃതികൾ

 നോവൽ

ഓടയിൽ നിന്ന് 

ഭ്രാന്താലയം 

അയൽക്കാർ

റൗഡി

കണ്ണാടി

ഒരു ലക്ഷവും കാറും

വെളിച്ചം കേറുന്നു


 ചെറുകഥ

അന്നത്തെ നാടകം 

തമസ്

നിയമത്തിന്റെ മറവിൽ

ഒരു രാത്രി

പണത്തെക്കാൾ വലുതാ മനുഷ്യൻ

മരിച്ചീനി

ഘോഷയാത്ര

ആലപ്പുഴയ്ക്ക്

മീൻകാരൻ കോരൻ

ക്ഷേത്രസന്നിധിയിൽ

സ്വർഗ്ഗത്തിലൊരു ചെകുത്താൻ

സ്നേഹത്തെ അന്വേഷിച്ച്


നാടകങ്ങൾ 

നാടകകൃത്ത്

മുന്നോട്ട്

പ്രധാനമന്ത്രി

ഞാനിപ്പോ കമ്മ്യൂണിസ്റ്റാകും

ചെകുത്താനും കടലിനുമിടയിൽ 

മഴയങ്ങും കുടയിങ്ങും






 






പൊൻകുന്നം വർക്കി

 



  മലയാളത്തിലെ പ്രശസ്തനായ ഒരു ചെറുകഥാകൃത്താണ് പൊൻകുന്നം വർക്കി. ചെറുകഥകളിലൂടെയും നാടകങ്ങളിലൂടെയും സാമൂഹിക പരിവർത്തനത്തിനു ശ്രമിച്ച അദ്ദേഹം അതിന്റെ പേരിൽ ഭരണാധികാരികളുടെ വിദ്വേഷത്തിനു പാത്രമായി. 

    1930 ജൂലൈ ഒന്നിന് ആലപ്പുഴ ജില്ലയിലെ എടത്വയിലാണ് വർക്കി ജനിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ കുടുംബം പൊൻകുന്നത്തേയ്ക്ക് താമസം മാറുകയായിരുന്നു. മലയാളത്തിൽ ബിരുദം നേടിയശേഷം സ്കൂൾ അദ്ധ്യാപ കനായി അദ്ദേഹം ജോലി നോക്കി. എന്നാൽ സമൂഹവിമർശനപരമായ കൃതികൾ രചിച്ചതിന്റെ പേരിൽ അദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സർ സി. പി. രാമസ്വാമി അയ്യരെ വിമർശിച്ചുകൊണ്ട് രാഷ്ട്രീയ കഥകൾ അദ്ദേഹം രചിച്ചിരുന്നു. 'മോഡൽ 'എന്ന കഥ രചിച്ചതിന് 1946-ൽ അദ്ദേഹത്തെ ആറുമാസം തടവിലാക്കി. 'ആ വാഴവെട്ട്' പ്രസിദ്ധമായ രാഷ്ട്രീയകഥയാണ്. കടുത്ത സാമൂഹികവിമർശനം ഉൾക്കൊള്ളുന്ന നിരവധി നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. കഥ, കവിത, നാടകം എന്നീ വിഭാഗങ്ങളിലായി അമ്പതോളം കൃതികൾ അദ്ദേഹം രചിച്ചു.

    2004 ജൂലൈ രണ്ടാം തീയതി 93-മത്തെ വയസ്സിൽ പൊൻകുന്നം വർക്കി അന്തരിച്ചു.


പ്രധാനകൃതികൾ

ആരാമം

അന്തിത്തിരി

പ്രേമ വിപ്ലവം

ഭർത്താവ്

ഏഴകൾ

ശബ്ദിക്കുന്ന കലപ്പ

വിജയഗാഥകൾ

പൊട്ടിയ ഇഴകൾ

അന്തോണി നീയും അച്ചനായോടാ?

പാളയങ്കോടൻ

നോൺസെൻസ്

ഒരു പിശാച് കൂടി

വള്ളിച്ചെരുപ്പ്

മോഡൽ

വിത്തുകാള

ആ വാഴവെട്ട്

നിവേദനം






Tuesday, August 2, 2022

ഏണസ്റ്റ് ഹെമിങ്‌വേ



    ലോകപ്രസിദ്ധ അമേരിക്കൻ സാഹിത്യകാരനാണ് ഏണസ്റ്റ് ഹെമിങ് വേ. 1899 ജൂലൈ 21 ന് അമേരിക്കയിലെ ഇല്ലിനോയിയിലാണ് ഹെമിങ് വേ ജനിച്ചത്. സ്കൂൾ കാലം മുതൽ തന്നെ കഥകളും ലേഖനങ്ങളും എഴുതിത്തുടങ്ങി. ഒന്നാം ലോകയുദ്ധകാലത്ത് റെഡ്ക്രോസിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. യുദ്ധരംഗത്തു വച്ച് ഗുരുതര പരിക്കേറ്റ അദ്ദേഹം പിന്നീട് പത്ര പ്രവർത്തനത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചു. വിവിധ പത്രങ്ങൾക്കു വേണ്ടി രണ്ടാം ലോകമഹായുദ്ധം അദ്ദേഹം റിപ്പോർട്ട് ചെയ്തിരുന്നു.

    യുദ്ധങ്ങളിലെ തീവ്രമായ അനുഭവങ്ങൾ പിൽക്കാലത്ത് അദ്ദേഹത്തെ ഒരു സാഹിത്യകാരനായി മാറ്റി. ധാരാളം കവിതകളും നോവലുകളും ചെറുകഥകളും ഹെമിങ് വേ രചിച്ചിട്ടുണ്ട്. 1953 ൽ The oldman and the sea (കിഴവനും കടലും) എന്ന കൃതിക്ക് പുലിസ്റ്റർ സമ്മാനം ലഭിച്ചു. 1954ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനവും ലഭിച്ചത് അദ്ദേഹത്തിനാണ്. സ്പാനിഷ് യുദ്ധത്തിൽ പങ്കെടുക്കുന്ന റോബർട്ട് ജോർദാൻ എന്ന അമേരിക്കൻ യുവാവിന്റെ കഥപറയുന്ന For whom the bell tolls (മണി മുഴങ്ങുന്നത് ആർക്കുവേണ്ടി?) എന്ന നോവൽ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കൃതികളിലൊന്നാണ്. 1940 ലാണ് ഇത് രചിക്കപ്പെട്ടത്.

    The sun also rises (സൂര്യനും ഉദിക്കുന്നു), A farewell to arms (ആയുധങ്ങൾക്ക് ഒരു യാത്രാമൊഴി), The snows of Kilimanjaro (കിളിമഞ്ചാരോയിലെ മഞ്ഞും മറ്റു കഥകളും), The garden od Eden (ഏദൻതോട്ടം), Death in the afternoon (മദ്ധ്യാഹ്നത്തിലെ മരണം), Green hills of Africa (ആഫ്രിക്കയിലെ പച്ച മലകൾ), True at first light (ആദ്യ പ്രകാശത്തിലെ സത്യം), Across the river and into the trees (നദിക്കു കുറുകെ മരങ്ങൾക്കിടയിലേക്ക്) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ.

    1961 ജൂലൈ രണ്ടിന് സ്വയം വെടിവെച്ച് മരണം വരിച്ചു.























Sunday, June 26, 2022

കാവാലം നാരായണപ്പണിക്കർ


 

കാവാലം നാരായണപ്പണിക്കർ


    മലയാള നാടകപ്രസ്ഥാനത്തെ ആധുനികീകരിച്ച ആചാര്യന്മാരിൽ പ്രധാനിയാണ് കാവാലം നാരായണപ്പണിക്കർ. 1928 മെയ് ഒന്നിന് ആലപ്പുഴയിലെ കാവാലത്ത് ജനിച്ച അദ്ദേഹം, കുട്ടിക്കാലം മുതൽ തന്നെ സംഗീതത്തിലും നാടൻകലകളിലും താൽപര്യം പ്രകടിപ്പിച്ചിരുന്നു. വിദ്യാഭ്യാസത്തിനു ശേഷം അഭിഭാഷകനായി പ്രവർത്തനമാരംഭിച്ചുവെങ്കിലും പിന്നീടത് ഉപേക്ഷിച്ച് നാടകരംഗത്ത് മുഴുകുകയായിരുന്നു.


    'തനതുനാടകവേദി' എന്ന ആശയത്തെ, രംഗത്തു യാഥാർത്ഥ്യമാക്കിയത് കാവാലമാണ്. കേരളത്തിന്റെ പ്രാദേശികമായ വിവിധ കലാരൂപങ്ങളിൽ നിന്ന് സ്വീകരിക്കാവുന്ന അംശങ്ങളെ സ്വീകരിച്ച്, സവിശേഷമായ അഭിനയരീതിയിൽ അവതരിപ്പിക്കപ്പെടുന്ന നാടകങ്ങളാണ് തനതുനാടകങ്ങൾ. പ്രശസ്ത നാടകകൃത്തായ സി. എൻ. ശ്രീകണ്ഠൻ നായരാണ് 1968-ൽ തനതുനാടകം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. തന്റെ നാടകങ്ങളിലൂടെ കാവാലം നാരായണപ്പണിക്കർ ആ ആശയത്തെ പ്രാവർത്തികമാക്കി. കൂടിയാട്ടം, കഥകളി എന്നീ ക്ലാസിക്കൽ കലകളിൽ നിന്നും തെയ്യം, തിറ തുടങ്ങിയ അനുഷ്ഠാനകലകളിൽ നിന്നും കാക്കാരിശ്ശി തുടങ്ങിയ പ്രാദേശിക നാടോടിനാടകരൂപങ്ങളിൽ നിന്നുമെല്ലാം സവിശേഷമായ രാംഗാവതരണങ്ങളും താളാത്മകമായ ചുവടുവെപ്പുകളും തനതുനാടകങ്ങൾ സ്വീകരിച്ചു. നൃത്തം, ഗീതം, വാദ്യം എന്നിവയ്ക്ക് ആ നാടകാവതരണരീതിയിൽ പ്രാധാന്യമുണ്ടായിരുന്നു. സ്ഥിരം നാടകസ്റ്റേജുകളിൽ അവതരിപ്പിക്കാതെ, തുറന്ന സ്ഥലങ്ങളിലാണ് പലപ്പോഴും തനതുനാടകങ്ങൾ അവതരിപ്പിച്ചിരുന്നത്.

    കേരളത്തിന്റെ മണവും ഗുണവും നിറഞ്ഞുനിന്ന നിരവധി ഗാനങ്ങൾ അദ്ദേഹം ചലച്ചിത്രങ്ങൾക്ക് വേണ്ടി രചിച്ചിട്ടുണ്ട്. ഗാനപ്രിയരുടെ പ്രശംസ പിടിച്ചുപറ്റിയ ആ ഗാനങ്ങൾ ഇന്നും വളരെയധികം ആസ്വദിക്കപ്പെടുന്നു.

    ഗ്രാമീണ കേരളത്തിന്റെ കലാകാരനായ കാവാലം നാരായണപണിക്കർ 2016 ജൂൺ 26ന് എൺപത്തെട്ടാ മത്തെ വയസ്സിൽ അരങ്ങൊഴിഞ്ഞു.


കാവാലത്തിൻറെ നാടകങ്ങൾ

1.     സാക്ഷി

2.     തിരുവാഴിത്താൻ

3.     ജാബാലാ സത്യകാമൻ

4.     ദൈവത്താർ

5.     അവനവൻ കടമ്പ

6.     നാടകചക്രം

7.     കൈക്കുറ്റപ്പാട്

8.     ഒറ്റയാൻ

9.     പുറനാടി


കാവാലത്തിന്റെ പ്രശസ്ത ചലച്ചിത്രഗാനങ്ങൾ


1. കാലം കുഞ്ഞുമനസ്സിൽ           https://www.youtube.com/watch?v=u4Ed8ThcDqg

2. പൂവാംകുഴലി                        https://www.youtube.com/watch?v=HI8hD4q4Aio           

3. ഒഴിഞ്ഞ വീടിൻ                   https://www.youtube.com/watch?v=-HD1Knu0aM4

4. കാനക പെണ്ണ്                    https://www.youtube.com/watch?v=neZmD1Y3Mis

5. ഓർമ്മകൾ ഓർമ്മകൾ          https://www.youtube.com/watch?v=TjPxEU1_eJM

6. അക്കാറ്റും പോയി                https://www.youtube.com/watch?v=sCnjzsZTvOk

7. മുക്കുറ്റി തിരുതാളി                https://www.youtube.com/watch?v=CGiN3-yvDO4

8. ആലായാൽ തറ വേണം       https://www.youtube.com/watch?v=_wdxjZ2dlAk

9. കൂവരം കിളി കൂട്                https://www.youtube.com/watch?v=byTEUrTDM9Y

10. ഗോപികേ നിൻ വിരൽ       https://www.youtube.com/watch?v=LKphmew6lSA

11. മൂടൽ മഞ്ഞിൻ മൂവന്തി          https://www.youtube.com/watch?v=S8_Nj9RrxmQ

12. കൈതപ്പൂവിൻ                    https://www.youtube.com/watch?v=FVOlCs3ljM8

Wednesday, June 22, 2022

വിലാസിനി



വിലാസിനി

    വിലാസിനി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ശ്രീ എം. കെ. മേനോൻ മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റാണ്. മൂർക്കനാട് കൃഷ്ണൻകുട്ടി മേനോൻ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥനാമം. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ 1928 ജൂൺ 23-ന് അദ്ദേഹം ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം കേരളത്തിലും ബോംബെയിലും കുറച്ചുകാലം ജോലി ചെയ്തു. പിന്നീട് ദീർഘകാലം സിംഗപ്പൂരിലെ അന്താരാഷ്ട്ര വാർത്താ ഏജൻസിയിൽ പ്രവർത്തിച്ചു. നിറമുള്ള നിഴലുകൾ, ഇണങ്ങാത്ത കണ്ണികൾ, ഊഞ്ഞാൽ, ചുണ്ടലി, അവകാശികൾ, യാത്രാമുഖം, തുടക്കം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികൾ. 1980ൽ പ്രസിദ്ധീകരിച്ച അവകാശികൾ എന്ന കൃതി ഭാരതീയഭാഷകളിൽ രചിക്കപ്പെട്ട ഏറ്റവും വലിയ നോവലാണ്. 4000 പേജുകളുള്ള ആ നോവൽ 1981ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ഓടക്കുഴൽ അവാർഡും നേടി. 1983ൽ ഈ കൃതിക്ക് വയലാർ അവാർഡ് ലഭിച്ചു .

1993 മെയ് 15ന് നിര്യാതനായി.





 

ജി. ശങ്കരപ്പിള്ള



ജി. ശങ്കരപ്പിള്ള

    മലയാള നാടകവേദിക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച നാടകകൃത്തും സംവിധായകനും അദ്ധ്യാപകനുമായിരുന്നു ജി ശങ്കരപ്പിള്ള. 1930 ജൂൺ 22ന് തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ ജനിച്ചു. മലയാള നാടകവേദിയുടെ പരിഷ്കാരങ്ങൾക്കായി പരിശ്രമിച്ച അദ്ദേഹമാണ് കോഴിക്കോട് സർവകലാശാലയിൽ 'സ്കൂൾ ഓഫ് ഡ്രാമ' സ്ഥാപിച്ചത്. 'നാടകകളരി' എന്ന ആശയം മലയാളത്തിൽ അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു. സ്നേഹദൂതൻ, റെയിൽപാളങ്ങൾ, ഭരതവാക്യം, ബന്ദി, പൂജാമുറി, കറുത്ത ദൈവത്തെത്തേടി, കിരാതം, സബർമതി ദൂരെയാണ് തുടങ്ങിയവയാണ് പ്രധാന കൃതികൾ,

1989 ജനുവരി ഒന്നിന് അന്തരിച്ചു.


 

Sunday, June 19, 2022

പി. എൻ പണിക്കർ

 



പി. എൻ പണിക്കർ


    കേരളത്തിലെ ഗ്രന്ഥശാലകളെ ഒരു സംഘടിതപ്രസ്ഥാനമാക്കി മാറ്റി, മലയാളികളെ അക്ഷരങ്ങളുടെ ലോകത്ത് ഉറപ്പിച്ചു നിർത്തിയ 'വായനയുടെ വലിയപ്പൂപ്പ'നാണ് ശ്രീ പി എൻ പണിക്കർ

    1909 മാർച്ച് 19ന് നീലംപേരൂർ പുതുവായിൽ ഗോവിന്ദപ്പിള്ളയുടെയും ജാനകിപ്പിള്ളയുടെയും മകനായി അദ്ദേഹം ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം 1926 ൽ നീലംപേരൂർ മിഡിൽ സ്കൂളിൽ അദ്ധ്യാപക ജോലിയിൽ പ്രവേശിച്ചു. ആ വർഷം 'സനാതന ധർമ്മം വായനശാല' അദ്ദേഹം സ്വന്തം നാട്ടിൽ ആരംഭിക്കുകയും ചെയ്തു.. 1931-ൽ അമ്പലപ്പുഴ പി കെ മെമ്മോറിയൽ ഗ്രന്ഥശാലയ്ക്കും അദ്ദേഹം തുടക്കംകുറിച്ചു.

    തിരുവതാംകൂറിലെ വിവിധ ഗ്രന്ഥശാലകളുടെ പ്രവർത്തകരുമായി നിരന്തരം ബന്ധപ്പെട്ട്, 1945 സെപ്റ്റംബർ 16ന് അമ്പലപ്പുഴയിൽ ഗ്രന്ഥശാലാ പ്രവർത്തകരുടെ ഒരു സമ്മേളനം സംഘടിപ്പിച്ചു. 47 ഗ്രന്ഥശാലകളുടെ പ്രതിനിധികൾ അതിൽ പങ്കെടുത്തു. ആ സമ്മേളനത്തിലാണ്, അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘം രൂപീകരിച്ചത്. പി. എൻ. പണിക്കരെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയും ചെയ്തു. തൊട്ടടുത്ത വർഷമായ 1948-ൽ അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘത്തിന് തിരുവിതാംകൂർ സർക്കാരിന്റെ അംഗീകാരവും ലഭിച്ചു. അതേവർഷംതന്നെ ഗ്രന്ഥശാല സംഘത്തിന്റെ മുഖപത്രമായ ,ഗ്രന്ഥാലോകം, പ്രസിദ്ധീകരണമാരംഭിച്ചു.

    1975-ൽ പി എൻ പണിക്കർ അദ്ധ്യാപകവൃത്തിയിൽ നിന്ന് വിരമിച്ചു. ആ വർഷമാണ് മാതൃകാപരമായ സാക്ഷരതാ പ്രവർത്തനങ്ങളുടെ പേരിൽ യുനസ്‌കോയുടെ അന്താരാഷ്ട്ര പുരസ്കാരമായ ക്രൂപ്സ്കായാ അവാർഡ് അദ്ദേഹത്തിനു ലഭിച്ചത്.

1995 ജൂൺ 19ന് എൺപത്തിയാറാം വയസ്സിൽ ശ്രീ പി എൻ പണിക്കർ നിര്യാതനായി.


കേശവദേവ്

     മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റും നാടകകൃത്തും ചെറുകഥാകൃത്തും രാഷ്ട്രീയ പ്രവർത്തകനുമാണ് കേശവദേവ് . കേരളത്തിൽ സാമൂഹ്യമാറ്റത്ത...